എം കെ കമലം 



       ആദ്യസിനിമയായ 'വിഗതകുമാരനി'ൽ അഭിനയിച്ച പി.കെ. റോസി പ്രാണരക്ഷാർത്ഥം മലയാളക്കരയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ആദ്യ ശബ്ദചിത്രത്തിലെ നായികക്ക് കേവലം അഞ്ചു വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. സിനിമ അഭിനയം എന്നതു പോയിട്ട് നാടകാഭിനയംപോലും പെൺലോകത്തിന് അപരിചിതമായിരുന്ന കാലം. സിനിമയുടെ വിസ്‌മയകാഴ്‌ച പരിചിതമല്ലാത്ത ഈ കാലത്ത് സിനിമയിലഭിനയിച്ചതിന്റെ പേരിലാണ് റോസി എന്ന ദളിത് യുവതിയെ ആ കാലത്തെ നെറികെട്ട, പ്രേക്ഷകലോകം അപമതിക്കുകയും, ചരിത്രത്തിൽ നിന്നു തന്നെ നിഷ്കാസനം ചെയ്യുകയും ചെയ്‌തത്. റോസി എന്ന രാജമ്മയുടെ സിനിമാ അഭിനയത്തിന്റെ തൊട്ടടുത്ത തുടർച്ചയായി വേണം മൂന്നാമത്തെ മലയാളസിനിമയായ 'ബാലനി'ൽ (1938) 'സരസ'എന്ന നായികയുടെ വേഷം അഭിനയിച്ച്, സിനിമയുടെ മാസ്‌മരിക ലോകത്തേക്കു കടന്നുവന്ന എം.കെ. കമലത്തിന്റെ കലാജീവിതത്തെ കാണേണ്ടത്.

 

                       1923 ൽ കമലം ജനിക്കുമ്പോൾ നാടകരംഗത്ത് ഓച്ചിറ വേലു കുട്ടിയെപ്പോലുള്ള പ്രഗത്ഭ നടന്മാരായിരുന്നു സ്ത്രീവേഷം കെട്ടി പ്രേക്ഷകശ്രദ്ധ നേടിയിരുന്നത്. സ്ത്രീകൾ നാടകത്തിലോ, സിനിമയിലോ അഭിനയിക്കുന്നത് ചിന്തിക്കുന്നതു പോലും അസ്വസ്ഥതയുണ്ടാക്കുന്ന കാലം. 'വിഗതകുമാരൻ' എന്ന ആദ്യത്തെ നിശ്ശബ്‌ദമലയാള സിനിമ 1928-ൽ നിർമ്മിക്കുമ്പോൾ ഒട്ടേറെ അന്വേഷണങ്ങൾക്കു ശേഷമാണ് ആദ്യനടി റോസി എന്ന രാജമ്മയെ അഭിനയിക്കാനായി അണിയറ പ്രവർത്തകർ കണ്ടെത്തുന്നത്. കാക്കാരശ്ശി നാടകത്തിൽ അഭിനയിച്ച് പേരെടുത്തു തുടങ്ങിയ സ്ത്രീകലാകാരി. തമിഴ് സംഗീതനാടകവും അക്കാലത്ത് മലയാളക്കരയിൽ സജീവ മായതിനാൽ റോസിക്ക്, സംഗീതനാടകാഭിനയവും പരിചി തമായിരുന്നിരിക്കാം.

                                പക്ഷെ സിനിമാ അഭിനയം തീർത്തും അജ്ഞാതമാണ്. സിനിമ അവർക്ക് പ്രശസ്‌തിയോ, ഗ്ലാമറോ അല്ല നൽകിയത്. അവൾക്കും, അവളുടെ കുടുംബത്തിനും നേരെ സിനിമാപ്രദർശനത്തിനുശേഷം നടന്ന ആക്രമണങ്ങളാണ് നിരാലംബയായ ആ പെൺകുട്ടിയെ കേരളത്തിൽ നിന്നുതന്നെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത്. പേടിപ്പെടുത്തുന്ന ഈ ഓർമ്മകളാവും ഒരു ജീവിതം മുഴുവൻ പൊതുലോക മറിയാതെ നിശ്ശബ്ദമായി ജീവിച്ചുതീർക്കാൻ കാരണമായിട്ടുണ്ടാവുക. ഈ കലാകാരിയിൽനിന്നു തുടങ്ങുന്ന പെൺ സിനിമാചരിത്രം എം.കെ. കമലത്തിലെത്തുമ്പോഴും വീടിൻ്റെ അകത്തളത്തിലേക്ക് ചുരുങ്ങി ജീവിക്കേണ്ടിവന്ന കലാകാരിക ളുടെ ജീവിതകഥയിൽ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല.

 

 

 

         എന്നാൽ കേരളസ്ത്രീജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് എം.കെ. കമലം വളർന്നുവലുതാവുന്നത്. 1930-കളുടെ തുടക്കം, ഗൃഹനായികയുടെ ജോലിയിൽ വീട്ടുഭരണവും, ബാലപരിചരണവും മാത്രമല്ല കുടുംബത്തിന്റെ സാമ്പത്തികഭാരം കുറക്കാനുള്ള പ്രവർത്തനവും ഉൾപ്പെടുത്തണമെന്ന വാദം ഉയർന്നുതുടങ്ങി. സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൊച്ചിയിലും തിരുവി താംകൂറിലും വർദ്ധിച്ചുകൊണ്ടേയിരുന്നു. പൊതു ഇടങ്ങളിൽ ജോലിചെയ്യുവാൻ സ്ത്രീകൾ ആരംഭിച്ചു തുടങ്ങുന്ന കാലം. പതുക്കെ അഭിനയലോകം സ്ത്രീകൾക്ക് പരിചിതമാകാൻ തുടങ്ങി. എങ്കിലും എതിർപ്പുകൾ കെട്ടടങ്ങിയിരുന്നില്ല.

          കുമരകം മങ്ങാട്ടുവീട്ടിൽ കൊച്ചുപിള്ള പണിക്കരുടെ അഞ്ചുകുട്ടികളിൽ രണ്ടാമത്തവളായാണ് എം.കെ. കമലം ജനിച്ചത്. നല്ലൊരു നടനും, നാടകകൃത്തുമായിരുന്നു പിതാവ്. അമ്മ കാർത്ത്യായിനി പാടുകയും, നന്നായി രാമായണം വായിക്കുകയും ചെയ്യുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ മുഴുവൻ ദിവസവും വൈക്കത്തെ ടി.വി. പുരം പഞ്ചായത്തിൽനിന്നു പങ്കെടുത്തവരിൽ ഒരാൾ കമലത്തിൻ്റെ അമ്മാവനായിരുന്നുവത്രെ. പക്ഷെ സാംസ്ക‌ാരികമായി ഇത്രയും സമ്പന്നമായ കുടുംബത്തിൽ ജനിച്ച കമലയെ സ്‌കൂളിൽവിട്ടു പഠിപ്പിച്ചെങ്കിലും നാടകം പഠിപ്പിക്കണമെന്ന അച്ഛൻ്റെ ആഗ്രഹത്തിന് ഏറെ തടസ്സങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ ആ കലാകാരൻ മകളെ നാടകം പഠിപ്പിക്കാനായി തന്നെ തീരുമാനിച്ചുറച്ച് സ്വന്തമായി ഒരു ബാലനടനസഭ തന്നെ ആരംഭിച്ചു.

            ബാലനടനസഭകൾ അക്കാലത്ത്, നാടകവേദിയിൽ സജീവ മായിരുന്നു. ബാലനടനസഭകൾക്ക് ട്യൂട്ടർമാരും റിഹേഴ്‌സലുമുണ്ടാകും. കർശനമായ ചിട്ടവട്ടങ്ങളോടെ നാടകപരിശീലനം നടത്തുകയും നാടകം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. നാടക രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിലാണ് നാടകകലാകാരന്മാർ ബാലനടനസഭകളെ കാണുന്നത്. കലാവാസനയും അഭിനയതാൽപ്പര്യവുമുള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് പരിശീലിപ്പിക്കുകയായിരുന്നു ഈ സമിതികളുടെ ലക്ഷ്യം. കൊച്ചുപിള്ള പണിക്കർ സ്വന്തമായിതന്നെ ഒരു ബാലനടനസഭ തുടങ്ങിയത് മകളെ വലിയൊരു കലാകാരി യാക്കണമെന്ന മോഹവുമായിട്ടായിരുന്നു. അല്ലിറാണിചരിതം, പാരിജാതപുഷ്പാഹരണം, നല്ല തങ്കമ്മാൾ ചരിതം തുടങ്ങിയ സംഗീതനാടകങ്ങൾ ഇവിടെ പരിശീലിപ്പിക്കപ്പെട്ടു. സാഹിത്യത്തിനും സംഗീതത്തിനും മലയാള സംഗീതനാടകങ്ങൾ തുല്യപ്രാധാന്യം നൽകിയിരുന്നു. നാടകസന്ദർഭത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടി പരിശീലിച്ചതും, അഭിനയപരിശീലനവും 'ബാലനി'ലെ നായികാപദവിയിലേക്കും മലയാളസിനിമയിലെ ആദ്യ ഗായികാപദവിയിലേക്കും എം.കെ. കമലത്തെ ഉയർത്തുന്നതിന് കാരണമാക്കി.

               

   നന്നായി പാടാനും, സ്വന്തമായി ശ്ലോകങ്ങൾ ചമച്ച് ചൊല്ലുവാനും കമലത്തിന് കഴിവുണ്ടായിരുന്നു. എം.കെ. കമലത്തിൻ്റെ പാട്ടുകളും, അഭിനയനിപുണതയും കാഴ്‌ചയിലെ ആകർഷകത്വവും മറ്റു നാടകസം ഘങ്ങളിലേക്ക് അവരെ ക്ഷണിക്കുന്നതിന് കാരണമാക്കി. പന്ത്രണ്ടുവയസ്സു മുതൽ ആരംഭിച്ച നാടകാഭിനയംകൊണ്ട്,പതിനഞ്ചു വയസ്സായപ്പോൾ തന്നെ അറിയപ്പെടുന്ന ഒരാളായി അവർ മാറ്റി. 1930-കളിൽ കേരളത്തിൽ ഏറെ അറിയപ്പെട്ടിരുന്ന നാടക നടൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ നായകനാക്കി ശ്രീ. റ്റി.റ്റി. തോമസിൻ്റെ ഉടമസ്ഥതയിൽ കൈരളീ നടന കലാസമിതി ആരംഭിച്ചു. സ്വാമിബ്രഹ്മവ്രതൻ്റെ അനാർക്കലി നാടകം അവതരിപ്പിക്കാനുള്ള ഏർപ്പാടുകൾ തുടങ്ങിയപ്പോൾ അതിൽ ഒരു വേഷം ചെയ്യാനായി എം.കെ. കമലത്തെയും ക്ഷണിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കമലത്തെ അദ്ദേഹ ത്തിൻ്റെ നിർബന്ധപ്രകാരമാണ് മേജർ നാടകസംഘത്തിൽ അഭിനയിക്കുവാൻ വിടുന്നത്. . കമലം എന്ന നടിയുടെ ഈ കഴിവിലുള്ള വിശ്വാസമാണ് ബാലൻ എന്ന സിനിമയിലേക്ക് അവരെ ക്ഷണിക്കുവാൻ ഭാഗവതരെ പ്രേരിപ്പിക്കുന്നത്. ബാലനിലെ നായികാവേഷം ചെയ്യുവാൻ എം.കെ. കമലത്തിന് അവസരം ലഭിക്കുന്നതിന് അഭിനയ ത്തിലും നാടകത്തിലും അവർ കാണിച്ച ഈ പ്രാഗത്ഭ്യം കാരണമാക്കി.

 

സുന്ദരംപിള്ള എന്ന സിനിമാ പ്രേമിയുടെ 'വിധിയും മിസ്സിസ് നായരും' എന്ന തിരക്കഥ സിനിമയാകുന്നതിന് അഭിനേതാക്കളെ വേണമെന്ന പരസ്യം പത്രത്തിൽ കണ്ടാണ് ധാരാളം കലാകാരന്മാർ അപേക്ഷ അയക്കുന്നത്. അങ്ങിനെ യാണ് കെ.കെ. അരൂരും, കെ.ബി. പയസ്സും, സി.ഓ.എൻ. നമ്പ്യാരും മറ്റും അപേക്ഷിക്കുന്നതും തിരഞ്ഞെടുക്കുന്നതും എം.കെ. കമലം ഈ പത്രപരസ്യം കാണുകയോ അപേക്ഷ അയക്കുകയോ ചെയ്‌തിട്ടുണ്ടായിരുന്നില്ല. കുമരകത്തെ നാടകലോകത്ത് ജീവിച്ചിരുന്ന അവർക്ക് പ്രാപ്യമായ ഒന്നായി അവർ സിനിമാലോകത്തെ കാണാനും വഴിയില്ല. പക്ഷെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പലപ്പോഴും സംഭവിക്കുക.

സുന്ദരംപിള്ള എന്ന മലയാളിയായിരുന്നു ബാലൻ എന്ന സിനിമയുടെ തുടക്കത്തിനു പുറകിൽ. സിലോണിലെ ഒരു ശബ്ദചിത്ര സ്റ്റുഡിയോവിൽ സഹസംവിധായകനായി പ്രവർത്തിച്ച അനുഭവമായിരുന്നു അദ്ദേഹത്തിൻ്റെ കൈമുതൽ. മലയാളത്തിൽ ഒരു സിനിമയെന്ന മോഹവുമായി കൈരളി ടാക്കിഫിലിംസ് എന്ന സഹകരണസംഘം സ്ഥാപിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ഈ സിനിമാനുഭവമാണ്.. തന്റെ കയ്യിലുള്ള 'വിധിയും മിസ്സിസ് നായരും' എന്ന തിരക്കഥ സിനിമയാക്കുവാനായി നിർമ്മാതാക്കൾക്ക് കത്തെഴുതുന്നതും അഭിനേതാക്കൾക്കായി പത്രപരസ്യം നൽകുന്നതും അദ്ദേഹമാണ്. ഇങ്ങനെ കത്തയച്ച നിർമ്മാതാക്കളിൽ ഒരാൾ സേലത്തെ മോഡേൺ തീയേറ്റർ ഉടമ ടി.ആർ. സുന്ദരമായി രുന്നു. അദ്ദേഹം ഈ പ്രോജക്‌ടിൽ താൽപ്പര്യം കാണിച്ചു. ചരിത്രനിമിത്തം എന്നപോലെ ആലപ്പി വിൻസൻ്റ് എന്ന കലാകാരനും അതേകാലത്ത് മോഡേൺ തീയേറ്ററിൽ എത്തിച്ചേരുകയും പ്രസ്തു‌ത സംരംഭത്തിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി മാറുകയും ചെയ്തു .

 

എ. സുന്ദരംപിള്ള എന്ന യുവസംവിധായകൻ ഏറെ ഗൗരവത്തോടെയാണ് തൻ്റെ സിനിമാസംരംഭം തുടങ്ങിയത്. ആദ്യ ചിത്രമാണെങ്കിലും വളരെ വിശദമായിത്തന്നെ അദ്ദേഹം കലാ കാരന്മാർ ഒപ്പുവെക്കേണ്ടുന്ന എഗ്രിമെൻ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ നിർമ്മാതാവ് തിരക്കഥയെ, മുതുകുളം രാഘവൻ പിള്ളയുടെ സഹായത്തോടെ മിനുക്കിയെടുത്ത് 'ബാലൻ' എന്ന സിനിമയുടെ തിരക്കഥയാക്കി മാറ്റി സംവിധായകനായ സുന്ദരംപിള്ളയെ സഹസംവിധായകൻ്റെ കുപ്പായത്തി ലേക്ക് മാറ്റിയിരുത്തി. നൊട്ടാണി എന്ന പാഴ്സിക്ക് 'ബാലന്റെ' സംവിധാനച്ചുമതല കൊടുക്കുകയും ചെയ്‌തു. സൂക്ഷ്‌മമായി, സിനിമാനിർമാണ സംബന്ധമായ കാര്യങ്ങൾ ആസൂത്രണം ചെയ്‌ത സുന്ദരംപിള്ള ചരിത്രഗതിയെ മാറ്റിമറിച്ച് സിനിമയിൽ നായികയായി അഭിനയിക്കാൻ എത്തിയ കുഞ്ഞമ്മുവുമായി അടുപ്പത്തിലായി. ഷൂട്ടിങ് നടക്കുന്നതിനിടയിൽ കുഞ്ഞമ്മ വിനേയും, അമ്മ മരിച്ചുപോയ തൻ്റെ കുട്ടികളേയും കൂട്ടി ഒളിച്ചോടി.

 

അങ്ങിനെ സഹസംവിധായകനായ സുന്ദരംപിള്ള നായികയുമായി ഒളിച്ചോടിയ സാഹചര്യത്തിലാണ് പുതിയ നായികയെ തിരഞ്ഞുള്ള അന്വേഷണം പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ ആലപ്പി വിൻസന്റിൻ്റെ ചുമതലയിൽ വന്നുചേരുന്നത്. സ്വാഭാ വികമായും തന്റെ ജ്യേഷ്‌ഠനായ, നാടകവേദിയിൽ പ്രശസ്ത നായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ അടുത്ത് ഈ അന്വേഷണം എത്തിനിന്നു. എന്നാൽ കമലത്തിന്റെ അമ്മ, കാർത്ത്യായനിക്ക് തൻ്റെ മകളുടെ പുതിയ അഭിനയലോകം ഭയം ഉളവാക്കി.

 

പതിനഞ്ചു വയസ്സുകാരിയായ മകൾ സേലത്തുപോയി സിനിമ എന്ന പരിചിതമല്ലാത്ത ഒരു മാധ്യമത്തിൽ അഭിനയിക്കുന്നത് ആ അമ്മയെ പേടിപ്പെടുത്തി.എങ്കിലും  അമ്മയുടെ സമ്മതത്തിനു മുകളിൽ ഒരു രൂപാ വെള്ളിനാണയം സിനിമാ അഭിനയത്തിന് അഡ്വാൻസായി കിട്ടി. പ്രതീക്ഷയോടെയും എന്നാൽ ഏറെ ആശങ്കയോടെയും അമ്മ മകളെ സേലത്തേക്ക് പറഞ്ഞയച്ചു.

 

കമലത്തിന്റെ ആദ്യത്തെ ദൂരയാത്ര. എറണാകുളംവരെ ബോട്ടിലായിരുന്നു പോയത്. മനസിൽ സമ്മിശ്രവികാരങ്ങളാ യിരുന്നു. അപരിചിതമായ ഒരു ലോകത്ത്, പരിചിതമല്ലാത്ത ഒരു രീതിയിൽ അഭിനയിക്കണം. ഇതിനുമുമ്പ് സിനിമാ ഷൂട്ടിങ്ങോ ക്യാമറയോ ഒന്നും കണ്ടിട്ടില്ല. അവർ പറയു ന്നതുപോലെ അഭിനയിച്ചാൽ മതിയെന്ന് ഭാഗവതർ പറഞ്ഞിരുന്നു, അതായിരുന്നു ഏക ആശ്വാസം. സിനിമയുടെ മാസ്‌മരിക ലോകം കമലത്തെ അവിടേക്ക് പിടിച്ചു വലിച്ചു. സംഗീതനാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയം കൊച്ചുകമലത്തിൻ്റെ ആത്മവിശ്വാസത്തെ ഉയർത്തി.

 

       അങ്ങനെ  അവർ യാത്രയ്ക്കൊടുവിൽ സേലത്ത് മോഡേൺ തീയേറ്റേഴ്‌സിലെത്തി. ഷെവറോയ് മലയുടെ താഴ്വാരത്ത്, ഹൊഗൈനാക്കൽ വെള്ളച്ചാട്ടത്തിനരികെയാണ് മോഡേൺ തീയേറ്റർ സ്ഥിതിചെയ്യുന്നത്. കോട്ടപോലുള്ള ഗേറ്റുകടന്ന് അച്ഛനും മകളും അകത്തേക്ക് കടന്നു. മോഡേൺ തീയേ റ്റേഴ്‌സ് ഉടമ സുന്ദരത്തിൻ്റെയും സഹപ്രവർത്തകരുടെയും മുമ്പിൽ ആദ്യം ഒരു ഇൻ്റർവ്യൂ. അതിന്റെയൊന്നും ഗൗരവം അത്രയൊന്നും അറിയാത്ത പ്രായമായതിനാലാവും, കമലം തനിക്കറിയാവുന്ന സംഗീതനാടക ഭാഗങ്ങൾ ഒരു മടിയുമില്ലാതെ പാടി അഭിനയിച്ചു. അതവരെ തൃപ്തിപ്പെടുത്തി.

 

ആദ്യകാല സിനിമകളിൽ നടീനടന്മാർക്ക് പാടാനും അഭിനയിക്കാനുമുള്ള കഴിവുണ്ടാകുക നിർബന്ധമായി രുന്നു. പാടാൻ കഴിവില്ലാത്തവർക്ക് സിനിമയിലോ നാടകത്തിലോ പ്രധാനവേഷങ്ങൾ ചെയ്യുവാൻ പ്രയാസമാണ്. ബാലൻ റിഹേഴ്‌സൽ ക്യാമ്പിലുണ്ടായിരുന്ന തങ്കവും ഗൗരിയും അഭിനയി ക്കാതെ തിരിച്ചുപോകുന്നത് അത്തരമൊരു സാഹചര്യ ത്തിലാണ്. സിനിമയിലെ നാലു പാട്ടുകളിൽ മൂന്നും ഒറ്റടേക്കിൽ തന്നെ തനിക്ക് പാടാൻ കഴിഞ്ഞു എന്ന് കമലം പറയുന്നു. നാലാമത്തേതും ഒറ്റടേക്കിൽ 'ഓകെ' പറഞ്ഞങ്കിലും, കാറ്റ് വീശിയതുകാരണം ശബ്ദത്തിന്റെ സ്വഭാവം മാറിയതായി തോന്നി വീണ്ടും ഒരു ടേക്ക് കൂടി അങ്ങിനെ ബാലനിലെ നാല് പാട്ടുകൾ പാടിക്കൊണ്ട് എം.കെ. കമലം മലയാളസിനിമയുടെ ആദ്യ പിന്നണിഗായികയായി മാറി.എന്നാൽ ഈ പാട്ടുകൾക്ക് സംഗീതം നൽകുവാൻ പ്രത്യേകമായി ആരും തന്നെയുണ്ടായിരുന്നില്ല.

 

രണ്ടാനമ്മയുടെ ക്രൂരത കൊണ്ട് പൊറുതിമുട്ടി തെരുവിൽ ഭിക്ഷയാചിക്കുന്ന കഥാപാത്രമായിരുന്നു സരസമ്മ. സംഭാഷണവും ശബ്ദവു മെല്ലാം അപ്പപ്പോൾ ലേഖനംചെയ്യുന്ന ചിത്രീകരണരീതിയാ യിരുന്നു ബാലന്റേത്. കമലം യാദൃച്ഛികമായി അഭിനയിക്കാനെത്തിയതു പോലെ തന്നെയായിരുന്നു, കലാതൽപ്പരനായ കൊച്ചുപിള്ള പണിക്കരും ബാലനിലഭിനയിക്കുന്നത്. വേലക്കാരൻ രാമൻകുട്ടി നായരായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. കമലത്തിന് സിനിമാ അഭിനയം കഴിഞ്ഞുവരുമ്പോൾ കരാറുപ്രകാരം 350 രൂപ കിട്ടി. പിന്നെ പ്രൊഡ്യൂസർ പത്തുരൂപ കൂടി സന്തോഷമായിട്ട് കൊടുത്തു. അങ്ങനെ 360 രൂപ. നാടകവുമായി കണക്കാക്കുമ്പോൾ ഇത് വലിയ പ്രതിഫല മൊന്നുമല്ലായിരുന്നു.

 

                  നാടകാഭിനയത്തിൽനിന്നു വ്യത്യസ്‌തമായി സ്ത്രീകൾ ആദ്യം മുതലേ സിനിമാഭിനയത്തിലേക്കെത്തിയിരുന്നു. നാടകവേദിയുടെ തുടക്കത്തിൽ പുരുഷന്മാർ സ്ത്രീവേഷം കെട്ടിയെങ്കിൽ മലയാളസിനിമയുടെ തുടക്കം മുതൽ തന്നെ സ്ത്രീകൾ അഭിനയിച്ചു. കാരണം ആ കാലമായപ്പോഴേക്കും സ്ത്രീകൾ നാടകരംഗത്തേക്ക് കടന്നുവന്നു കഴിഞ്ഞിരുന്നു.

ആദ്യകാല നാടകനടികളുടെ ഈ സാന്നിദ്ധ്യമാണ് സിനിമാ രംഗത്തെ സഹായിച്ചത്. പള്ളുരുത്തി ലക്ഷ്മിയെക്കുറിച്ചും അവരുടെ അഭിനയത്തെക്കുറിച്ചും കമലത്തിന് ഓർമ്മയുണ്ട്. അവരായിരുന്നു രണ്ടാനമ്മയായി ഈ സിനിമയിൽ അഭിനയിച്ചത് .  സ്വന്തം ഇഷ്‌ടപ്രകാരം നാടകാഭിനയത്തി നെത്തിയ ആദ്യ തലമുറയിലെ വിദ്യാസമ്പന്നയായ സംഗീതജ്ഞ കൂടിയായിരുന്നു അവർ. കമലത്തിനുമുമ്പു തന്നെ റിഹേഴ്‌സൽ ക്യാമ്പിലെത്തി അവർ പരിശീലനവും തുടങ്ങി യിരുന്നു. അത്യുജ്ജ്വലമായ അഭിനയമായിരുന്നു 'മീനാക്ഷി' എന്ന കഥാപാത്രത്തിലൂടെ ലക്ഷ്‌മി കാഴ്‌ചവെച്ചത്. എന്നാൽ അടുത്ത വർഷങ്ങളിൽ രോഗബാധിതയായി അവർ മരിക്കുക യാണുണ്ടായതെന്ന് കമലം പറഞ്ഞു. ഈ നടികൾ സ്വന്തം ജീവിതത്തിൽ ഒന്നും നേടിയില്ലെങ്കിലും സിനിമാലോകത്തെ പിൻതലമുറയിലെ സ്ത്രീകൾക്ക് സുഗമമായി കടന്നുവരാ നുള്ള വഴി ഉണ്ടാക്കിയെടുത്തു.

                        'ബാലനി'ലെ അഭിനയത്തിനുശേഷം കമലത്തിന് അടുത്ത സിനിമക്കായി കാത്തിരിക്കുവാൻ സാധിക്കില്ലായിരുന്നു. ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ നടക്കുന്ന സിനിമാസംരംഭത്തിൽ പങ്കുചേരുക നാടകത്തിനിടയിൽ ഒഴിവുണ്ടെങ്കിൽ മാത്രം എന്നു ചിന്തിക്കാനേ അവർക്കാവുമായിരുന്നുള്ളൂ. പത്തിരുപത്തഞ്ചു വയസ്സുവരെ നാടകം മാത്രമായിരുന്നു അവരുടെ ലോകം. കേരളം മുഴുവൻ യാത്രചെയ്‌ത്‌ അവർ നാടകംചെയ്തു. മലബാറിലും നാടകം ചെയ്‌തിട്ടുണ്ടെന്ന് അവർ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. മുപ്പതുകളിൽ അവർ അഭിനയം ആരംഭിക്കുമ്പോൾ മലയാളസംഗീത നാടകങ്ങ ളുടെ കാലമായിരുന്നു. പിന്നീട് സാമൂഹ്യനാടകങ്ങളിലേക്ക് അതു ചുവടുമാറ്റി. എം.കെ. കമലം എന്ന നടി തന്റെ അഭിന യനൈപുണ്യം മാറ്റുരച്ചത് ഈ നാടകങ്ങളിലായിരുന്നു.അനാർക്കലി എന്ന ചരിത്ര നാടകമാണ് അവതരിപ്പിച്ചത്. ആ നാടകം വമ്പിച്ച വിജയമായിരുന്നു. കേരളത്തില ങ്ങോളമിങ്ങോളം ആ നാടകം അവതരിപ്പിക്കുകയും ചെയ്തു. അടുത്തവർഷം 'മഗ്ദ‌ലനമറിയം' എന്ന ബൈബിൾ കഥയായിരു ന്നു രംഗത്തെത്തിയത്.  "ബാലനിലെ നായിക അഭിനയിക്കുന്ന നാടകം" എന്നായിരുന്നു പല നാടകങ്ങളിലെയും നോട്ടീസി ലെയും പരസ്യവാചകം. പലപ്പോഴും കൊട്ടക തന്നെ പൊളിക്കുന്ന അവസ്ഥയി ലേക്ക് പ്രേക്ഷകർ ഇവരെ കാണാനായി തള്ളിക്കയറുമായിരുന്നു. പ്രേക്ഷകരെ ശാന്ത മാക്കുവാൻ നേരിട്ട് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ട് പാടുകവരെ കമലത്തിന് ചെയ്യേണ്ടിവന്നിട്ടുണ്ട്.              സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, പി.ജെ. ചെറിയാൻ, സി.ഐ. പരമേശ്വരൻപിള്ള, സ്വാമി ബ്രഹ്മവൃതൻ തുടങ്ങിയ പ്രസിദ്ധരായ മലയാളസംഗീത, സാമൂഹ്യ നാടകകലാകാരന്മാർക്കൊപ്പം പ്രവർത്തിച്ച ഇവർ നാടകത്തിനൊപ്പം അക്കാലത്തെ ജനപ്രിയ കലാരൂപമായ കഥാപ്രസംഗവും നാടക ത്തിൻ്റെ ഇടവേള കാലങ്ങളിൽ നടത്തുകയുണ്ടായി. പാടാനുള്ള അസാമാന്യ കഴിവ് അവരെ ആ കലയിലേക്ക് അടുപ്പിച്ചു. ഉള്ളൂരിൻ്റെ മൃണാളിനി, എസ്.എൽ. പുരത്തിൻ്റെ 'മറക്കാത്ത മനുഷ്യൻ', 'ശ്രീനാരായണൻ ഇന്നത്തെ ലോകത്തിൽ' എന്നിവയായിരുന്നു പ്രധാന കഥകൾ.

നാടകകാലത്തെ ഏറ്റവും നല്ല അനുഭവമായി കമലം സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് വള്ളത്തോളിൻ്റെ ക്ഷണപ്രകാരം ശാകുന്തളം കളിക്കാനായി കലാമണ്‌ഡലത്തിൽ പോയത്. അഭിനയം കണ്ട് വള്ളത്തോൾ കമലത്തെ ഏറെ പ്രശം സിച്ചു. നൃത്തം പഠിക്കാനായി കലാമണ്‌ഡലത്തിൽ ചേരുവാനായി ആവശ്യപ്പെടുകയും ചെയ്‌തു. മെഡലും, 32 പുസ്‌തകങ്ങളും അദ്ദേഹം സമ്മാനമായി നൽകി. നാടകം തലക്കു പിടിച്ച കമലത്തിന് പിന്നീട് കലാമണ്‌ഡലത്തിലേക്ക് തിരിച്ചുപോകാൻ സാധിച്ചില്ല. ഏകദേശം 28 വയസ്സുവരെ ഇടംവലം നോക്കാതെ താൻ അഭിനയിച്ചുകൊണ്ടിരുന്നു എന്ന് കമലം പറയുകയുണ്ടായി. അച്ഛനായിരുന്നു എന്നും കൂട്ടായി നാടകസ്ഥലങ്ങളിലേക്ക് വരാറ്. വിവാഹം വേണ്ടാ എന്നായിരുന്നു അക്കാലത്ത് തോന്നിയത്. അതുകൊണ്ട് ഏറെ വൈകിയാണ് വിവാഹം ചെയ്‌തത്.

 

           ബാലനുശേഷം എന്തുകൊണ്ട് കമലം സിനിമയിൽ പിടിച്ചുനിന്നില്ല എന്ന ചോദ്യം സ്വാഭാവികമായും മുന്നിലെത്തും. ബാലനുശേഷം ഒരു സിനിമാസംരംഭത്തിൽ കൂടി അവർ പങ്കെടുത്തിരുന്നു. എന്നാൽ ഒമ്പതുമാസത്തെ റിഹേഴ്‌സലി നുശേഷം ആ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാതെ തന്നെ നിന്നുപോയി. തൃശ്ശൂർ അപ്പൻതമ്പുരാൻ നിർമ്മിക്കാനുദ്ദേശിച്ച 'ഭൂതരായർ' ആയിരുന്നു ആ സിനിമ. എ.വി.കെ. മേനോൻ ആയിരുന്നു നായകൻ. കമലം നായികയും. തിക്കുറിശ്ശിയും, എസ്.പി. പിള്ളയും ആദ്യമായി സിനിമയുമായി ബന്ധപ്പെട്ടത്  ഇതിലൂടെയാണ്. പ്രേംജി, ഉർവശി ശോഭയുടെ അച്ഛൻ കെ.പി. മേനോൻ, എം.എസ്. നമ്പൂതിരിപ്പാട് എന്നിവരും അവിടെ ഉണ്ടായിരുന്നു. ഒമ്പതുമാസത്തെ റിഹേഴ്സലിനും, കാത്തിരിപ്പിനും ശേഷം നടീനടന്മാർ വീട്ടിലേക്ക് മടങ്ങി. ജ്ഞാനാംബികയിലും അഭിനയിക്കുവാൻ ക്ഷണമുണ്ടായിരുന്നെങ്കിലും കമലത്തിന് നാടകാഭിനയത്തിന്റെ തിരക്കുമൂലം സാധിച്ചില്ല. നിർമ്മല, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ അവർക്ക് നഷ്ടപ്പെടുന്നത്, നാടക കരാറുകൾ ഇടക്കുവെച്ച് ലംഘിക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്.

                         സിനിമയിലേക്കുള്ള ക്ഷണങ്ങൾ പതുക്കെ കുറഞ്ഞു. ആദ്യ വിവാഹം അടുത്ത ബന്ധത്തിൽ നിന്നായിരുന്നു. കലാസ്വാദകനല്ലാത്ത ഭർത്താവ്. അച്ഛൻ്റെ മരണം വീണ്ടും ജീവിതത്ത സങ്കീർണ്ണമാക്കി. കൊച്ചുകുഞ്ഞിനെ നോക്കലും നാടകം ചെയ്യലും നടക്കാതെയായി. ഭർത്താവിൻ്റെ മരണത്തോടെ അനിശ്ചിതാവസ്ഥ അതിൻ്റെ മൂർദ്ധന്യത്തിലായി. കുട്ടികളെ പാട്ട് പഠിപ്പിക്കുന്നത് കമലത്തിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ധാരാളം ശിഷ്യഗണങ്ങൾ അവർക്കുണ്ടായിരുന്നു. കഥാപ്രസംഗവും, നാടകവും മുന്നോട്ടുകൊണ്ടു പോകുവാൻ ഏറെ കഷ്‌ടപ്പെടുന്ന ഈ കാലത്താണ് കലാ സ്വാദകനായ വി.കെ. ദാമോദരവൈദ്യരെ അവർ പരിചയപ്പെടുന്നത്. പാട്ടുപഠിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. ആ സൗഹൃദം പതുക്കെ വളർന്ന് വിവാഹത്തിലെത്തുകയാ യിരുന്നു. പാട്ടിലും സംസ്‌കൃതത്തിലും നല്ല അറിവുള്ള ആളാ യിരുന്നു അദ്ദേഹം. ഈ വിവാഹത്തോടെ അവർ കുമരകം വിട്ട് തൃശൂരിലേക്ക് മാറി താമസിച്ചു.

 

          

ആദ്യ ഭർത്താവിലുണ്ടായ മകളുമായി അവർ രണ്ടുപേരും തൃശൂരിലേക്ക് വന്നത് തൃശൂരിലെ ഒരു പ്രസിദ്ധമായ നൃത്തവിദ്യാലയത്തിലെ പാട്ടുടീച്ചറുടെ ജോലിക്കാണ്. ഈ വിവാഹബന്ധത്തിൽ അവർക്ക് രണ്ടുപെൺകുട്ടികൾ കൂടി ഉണ്ടായി. തൃശൂരിലെ കൂർക്കഞ്ചേരിയിൽ മൂന്നുകുട്ടികളുടെ പരിപാലനവും, സംഗീതാദ്ധ്യാപനവുമായി, ആ ആദ്യ ശബ്ദചിത്രനായിക നിശ്ശബ്ദമായി ജീവിച്ചു. ഏറെക്കാലം കഴിഞ്ഞപ്പോൾ അവരുടെ ആരോഗ്യം ക്ഷയിക്കുവാൻ തുടങ്ങി. പിന്നെ ഭർത്താവിന്റെ വൈദ്യം കൊണ്ടുള്ള ചെറിയ വരുമാനത്തിലായി ജീവിതം. സ്വന്തമായി ഒരു വീടും കുറച്ചു ഭൂമിയും ഉണ്ടായിരുന്നു. കുട്ടികൾ മുതിർന്നു, മൂത്തയാളെ 1974-ൽ വിവാഹം ചെയ്തുകൊടുത്തു.

                           1975-ൽ ഞാവൽപ്പഴങ്ങളിൽ അഭിനയിക്കാനായി അവർക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അന്നത്തെ സാഹചര്യങ്ങളിൽ വീടിനു പുറത്തേക്കു പോകു ന്നതോ, അഭിനയലോകമോ അവർ മറന്നുതുടങ്ങിയിട്ടുണ്ടായിരുന്നു. നിത്യജീവിതത്തെ രണ്ട് അറ്റവും മുട്ടിക്കാനുള്ള വേവലാതിയിലായിരുന്നു അവർ. പക്ഷേ പിന്നീടാണ് ജീവിതം വീണ്ടും കുഴഞ്ഞുമറിയുന്ന ചില സംഭവങ്ങൾ ഉണ്ടാകുന്നത്. ഭർത്താവിന് മറ്റൊരു ബന്ധത്തിൽ ഒരു കുട്ടികൂടിയുണ്ടായി. എല്ലാം സഹിക്കാനും, മറക്കാനും കമലം ശ്രമിച്ചു. തന്റെ കുട്ടി കൾക്ക് ദേഹോപദ്രവം ഏൽക്കുന്നതു കണ്ടപ്പോൾ ആ അമ്മ, ബന്ധുക്കളുടെ സഹായത്തോടെ തൃശൂർവിട്ട്, അമ്മവീടായ വൈക്കത്തേക്ക് ഓടി രക്ഷപ്പെട്ടു. സ്വന്തം പേരിലുള്ള വീടും ഉപേക്ഷിച്ചാണ് പോയത്. ആ സ്വത്ത് എന്നന്നേക്കുമായി നഷ്‌ടപ്പെട്ടു. കുടുംബവീട്ടിലും, വാടകവീട്ടിലും പിന്നീട് മൂത്തമകളുടെ ഭർത്താവിൻ്റെകൂടി സഹായത്താൽ വാങ്ങിയ പത്തുസെൻ്റു ഭൂമിയിലെ രണ്ടുമുറി വീട്ടിലേക്കും അവർ മാറിമാറി താമസിച്ചു.

                      അക്കാലത്ത് അവശകലാകാര പെൻഷനായ 150 രൂപ മാത്രമായിരുന്നു അവരുടെ ഏകവരുമാനം. ദാരിദ്ര്യപൂർണ്ണമായ, ഒറ്റപ്പെടലിന്റെ കാലത്താണ് എം.കെ. കമലം എന്ന ബാലനിലെ നായികയെ വീണ്ടും കാണാനായി സിനിമാപ്രേമികൾ എത്തുന്നത്.മലയാളസിനിമയുടെ അമ്പതാംവാർഷികത്തിൽ അവരെ ആദരിച്ചു. (1988-ലെ ചലച്ചിത്രോത്സവത്തിലാണ് മലയാളസിനിമയുടെ രജതജൂബിലി ആഘോഷിച്ചത്. എന്നാൽ 16 വർഷത്തിനുശേഷം വിഗതകുമാരൻ എന്ന ആദ്യ നിശ്ശബ്ദസിനിമ (1928)യെ പരിഗണനകൊടുത്ത് പ്ളാറ്റിനം ജൂബിലിയും 2003 ജനുവരിയിൽ നടന്ന അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ നടത്തുകയുണ്ടായി.) ഈ കാലത്താണ് എം.കെ. കമലത്തെക്കുറിച്ച് വീണ്ടും സിനിമാലോകം ഓർത്തു തുടങ്ങിയത്. ഒട്ടേറെ ലേഖനങ്ങളും ഈ കാലത്ത് കമലത്തെക്കുറിച്ച് വരികയുണ്ടായി. എഴുപത്താറാം വയസ്സിൽ അഭിനയിച്ച ശയനം എന്ന ചിത്രം , .. 2001 ലെ ഡയറികുറിപ്പ് എന്ന ഡോക്യുമെന്ററി , 2006 ലെ മൺസൂൺ എന്ന ചിത്രം ഇവയാണ് വീണ്ടും കമലത്തെ വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നത് . 2010 ഏപ്രിൽ 20 ന് അവർ ചമയങ്ങളഴിച്ച് ഈ ലോകത്തോട് വിട പറഞ്ഞു .

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്ലാസ്മ